കേരളീയരുടെ ദേശിയ ഉത്സവമാണ് ഓണം. ചിങ്ങ മാസത്തിലെ തിരുവോണനാളിൽ ആഘോഷിക്കുന്ന ഈ ഉത്സവം മലയാളികളുടെ ഒരു വികാരം തന്നെയാണ്. ലോകത്തിന്റെ ഏതു കോണിലായാലും ഓണം ഉണ്ണാൻ മലയാളികൾ മറക്കില്ല എന്നത് ഒരു സത്യം തന്നെയാണ്.
ഓണത്തിനുപിന്നിലെ ചരിത്രം
പണ്ട് മഹാബലിത്തമ്പുരാൻ കേരളം ഭരിച്ചിരുന്ന കാലത്ത്, കള്ളവും ചതിയുമൊന്നുമില്ലായിരുന്ന കാലത്ത്, മനുഷ്യരെല്ലാവരും ഒന്നായിക്കഴിഞ്ഞിരുന്ന ആ കാലത്ത്, മഹാബലിത്തമ്പുരാനോട് അസൂയതോന്നിയ ദേവന്മാർ ത്രിലോകനാഥനായ മഹാവിഷ്ണുവിനോട് അപേക്ഷിക്കുകയും വാമനായി വന്ന് മൂന്നടി മണ്ണ് യാചിച്ച മഹാവിഷ്ണു രണ്ടടികൊണ്ട് ഭൂമിയും സ്വർഗ്ഗവും അളന്നപ്പോൾ മൂന്നാമത്തെ അടി വയ്ക്കാൻ മഹാബലിത്തമ്പുരാൻ തന്റെ ശിരസ്സുകാട്ടികൊടുക്കുകയും വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താക്കുകയും ചെയ്തു. എങ്കിലും ആണ്ടിലൊരിക്കൽ കേരളത്തിലെത്തി തന്റെ പ്രിയ ജനങ്ങളെ കാണാനുള്ള അനുവാദം വാമനൻ മഹാബലിത്തമ്പുരാന് നൽകി. അതിനനുസരിച്ചു അദ്ദേഹം തന്റെ ജനങ്ങളെ കാണാൻ എത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിനു പിന്നിലുള്ള ഐതീഹ്യം. എങ്കിലും ഇതിനെല്ലാമപ്പുറം മറ്റൊരുത്തൊരത്തിൽ പറഞ്ഞാൽ, ഓണം നമ്മുടെ കാർഷികോത്സവം കൂടിയാണ്. ദാരിദ്ര്യത്തിൽ വറുതി കിടന്ന കർക്കിടകമാസത്തിനു പിന്നാലെ വിളവെടുപ്പിന്റെ മാസമായ ചിങ്ങം എത്തുന്നതോടെ എങ്ങും സമൃദ്ധി നിലകൊള്ളും. എത്ര ദാരിദ്ര്യനായാലും തിരുവോണത്തിന് രാജാവിനെപ്പോലെ അവൻ അന്നം ഉണ്ണും. ഇതിനെല്ലാം തയാറെടുത്തുകൊണ്ടാണ് ചിങ്ങമാസത്തിന്റെ വരവും. അതുകൊണ്ടൊക്കെത്തന്നെയാണ് ചിങ്ങം മലയാളികൾക്ക് വർഷാരംഭമായി തീരുന്നതും.
ഓണം അന്ന്
ചിങ്ങത്തിന്റെ ആരംഭം മുതൽക്കേ വീടുകളെല്ലാം ഓണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലിലായിരിക്കും. ഒട്ടുമിക്ക വീടുകളിലും അത്തം മുതൽ പത്തു ദിവസം വരെയും ഓണം ആഘോഷിക്കും. വീടും പരിസരവുമൊക്കെ വൃത്തിയാക്കി ആ പത്തുദിവസവും വീടുകളിൽ അത്തപ്പൂക്കളം ഒരുക്കും. അതിരാവിലെ കുളിച്ചൊരുങ്ങി പൂക്കൾ ശേഖരിക്കാൻ കയ്യിൽ പൂക്കുടയുമായി ഇറങ്ങുന്ന കുട്ടികൾ തിരിച്ചെത്തുന്നത് കുട്ട നിറയെ പൂക്കളുമായിയായിരിക്കും. അതിൽ പ്രധാനി തുമ്പപ്പൂ തന്നെയാകും എന്നത് എടുത്തുപറയേണ്ടതില്ല. അന്ന് മുറ്റത്തും തൊടിയിലുമൊക്കെ ഒരു തലയെടുപ്പോടെ തന്നെ ധാരാളം തുമ്പപൂക്കൾ നിന്നിരുന്നു. പോരാഞ്ഞിട്ട് അവനോട് മത്സരിച്ച് അടുത്തവൻ, മുക്കുറ്റി. ഇതുപോലെ തൊടിയിലും മറ്റും ധാരാളം പൂക്കൾ ഓണത്തെ വരവേൽക്കാനായി തയാറായി നിൽക്കുന്നത് കൊണ്ടാവാം 'കേരളത്തിന്റെ അധിക വസന്തം' എന്ന് ഓണത്തിനെ വിശേഷിപ്പിക്കാൻ കാരണം.
അത്തപ്പൂക്കളത്തിനോടൊപ്പം ഓണമെന്ന് കേട്ടാൽ ഏതൊരു മലയാളിയുടെയും മനസ്സിൽ എത്തുന്ന മറ്റൊന്നാണ് വിഭവസമൃദ്ധമായ സദ്യ. അത് പറയുമ്പോൾ തന്നെ പായസത്തിന്റെയും ഉപ്പേരിയുടെയും രുചി നാവിലെത്തും. സദ്യക്കുള്ളതൊക്കെ സ്വന്തം പറമ്പിലുണ്ടാകും എന്നതായിരുന്നു അന്നെത്തെക്കാലത്തെ ഏറ്റവും വലിയ പ്രത്യേകത. അതിപ്പോ ചേമ്പായാലും, ചേനയായാലും, മത്തനായാലും, മുളകയാലും എല്ലാം. കുടുംബാംഗങ്ങളോടൊപ്പം നിലത്ത് തൂശനിലയിട്ട്, ഉപ്പേരിതൊട്ട് പായസം വരെ അകത്താക്കുമ്പോഴുണ്ടാകുന്ന ആ സന്തോഷം അതൊന്ന് വേറെ തന്നെയാണ്. പിന്നീട് ഓണക്കളികളാണ്, ഇവിടെ പ്രായത്തിന് പ്രസക്തി ഇല്ല. കുട്ടികളും മുതിർന്നവരുമെല്ലാം ഓരോരോ ഓണക്കളികളിൽ ഏർപ്പെടും. പുലിക്കളി, പന്തുകളി, ഊഞ്ഞാലാട്ടം, തുമ്പിതുള്ളൽ, കണ്ണുകെട്ടിക്കളി ഒന്നുവേണ്ടാ അങനെ എന്തെല്ലാം നാടൻകളികളാ ഓരോന്ന് എടുത്തു പറയാനാണേൽ ഒരുപാടുണ്ട്.
ഓണമാവുമ്പോൾ വീട്ടിലെല്ലാവർക്കും ഓണക്കോടി എടുക്കുന്നത് പതിവാണ്. പെൺകുട്ടികൾ പട്ടുപാവാടയും, ആൺകുട്ടികൾ ഷർട്ടും മുണ്ടുമൊക്കെ ധരിച്ചു വരുന്നത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഭംഗിയാണ്
ഓണം ഇന്ന്
പക്ഷേ കാലം മാറുമ്പോൾ ഇന്നിതെല്ലാം കേവലം മിഥ്യ ആയി മാറുന്നു എന്നതാണ് ശെരി. ആധുനികവത്കരണം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന മലയാളികൾ അണുകുടുംബത്തിലേക്ക് ചുരിങ്ങിയപ്പോൾ ഓണം 'ഓണമല്ലാതെ' മാറുന്നു. മൊബൈൽ ഫോൺ, മനുഷ്യനെ മടിയനാക്കിത്തീർത്ത കണ്ടുപിടുത്തം അങ്ങനെയല്ലാതെ അതിനെ വിശേഷിപ്പിക്കാൻ പറ്റില്ല. ഓരോമലയാളികളും അതിന്റെ അടിമയായി തീർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഓണമാവുമ്പോൾ വാട്സാപ്പിലൂടെയും, മറ്റുസാമൂഹികമാധ്യമങ്ങളിലൂടെയും 'ഹാപ്പി ഓണം, ഓണാശംസകൾ' എന്ന് പറയുന്നതിനപ്പുറം മറ്റെന്ത് ഓണമാണ് ഇന്നുള്ളത്.
മുൻപ് തൊടിയിൽ സർവ്വസാധാരണമായിരുന്ന തുമ്പപ്പൂവും, മുക്കുറ്റിയും, അരിപ്പൂവും ഒന്നും ഇന്ന് കാണാൻപോലും ഇല്ല. കടയിൽ നിന്നും ഒരുപാട് വിലകൊടുത്ത് പൂക്കൾ വാങ്ങി, നാം അത്തപൂക്കളം ഒരുക്കുന്നു. പക്ഷേ അതും ഇന്ന് ചുരുക്കമാണ്. ആളുകൾ തിങ്ങിനിറഞ്ഞു താമസിക്കുന്ന ഈ നഗരത്തിൽ ഒരു പൂക്കളമൊരുക്കാൻ പോലുമുള്ള സ്ഥലം ആർക്കുമില്ല. മാത്രമല്ല ഇതിനൊന്നും മെനക്കെടാനും ആർക്കും വയ്യ. ഇനിയിപ്പോ അത്തപൂക്കളമൊരുക്കുക എന്നത് ഉണ്ടാകുമോ എന്നത് സംശയമാണ് കാരണം, മാർക്കറ്റിലിപ്പോ അത്തപ്പൂക്കളം, സ്റ്റിക്കർ രൂപത്തിൽ പ്രിന്റ് ചെയ്തും ഇറങ്ങുന്നു. ഒന്ന് ചിന്തിച്ചുനോക്കൂ ഇതൊക്കെ ശുദ്ധ അസംബദ്ധം തന്നെയല്ലേ? മാത്രമല്ല അത്തപൂക്കളമിടുന്നത് പോലും ഇന്ന് മത്സരമായി മാറുന്ന പ്രവണതയാണ് കൂടുതലും കാണാൻസാധിക്കുന്നത്.
നേര് പറഞ്ഞാൽ ഓണാഘോഷം, അതിന്ന് സ്കൂളുകളിലും കോളേജുകളിലും മാത്രമായി ചുരുങ്ങുകയാണ്. "ഓണം എങ്ങനയുണ്ടായിരുന്നു?" എന്ന ചോദ്യത്തിന് ഒറ്റ മറുപടി "ഓ എന്ത് ഓണം" അത്രേയുള്ളൂ എല്ലാം. പുലിക്കളിയില്ല, ഊഞ്ഞാലാട്ടമില്ല, തുമ്പിതുള്ളലില്ല പകരം എല്ലാവരും ഇന്ന് ടെലിവിഷന്റെ മുൻപിലാണ് ഓണം ആഘോഷിക്കുന്നത്. അതിൽ കൂടി സംപ്രേഷണം ചെയ്യുന്ന ഓണപരിപാടികൾ കണ്ട് നാം സംതൃപ്തപ്പെടുന്നു. ഒന്നാലോചിച്ചുനോക്കിയാൽ ഓണം ഇന്ന് വെറും ഉപഭോഗസാംസ്കാരികതയുടെ ഭാഗമായി തീർന്നിരിക്കുന്നു എന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. വിവിധതരത്തിലുള്ള വാണിജ്യപദ്ധതികൾ, ഓണത്തിന് പ്രചാരത്തിലാവുന്ന ഓഫറുകൾ അങ്ങനെ തുടങ്ങി ഓണം ഇന്ന് വിപണനോത്സവമായി മാറിയിരിക്കുകയാണ്. ഓണകോടികൾക്കും ഓണസദ്യയ്ക്കും പ്രാധാന്യം ഇന്ന് പരമ്പരാഗത രീതിയിൽ മാത്രം തന്നെയല്ല, അതിന് കച്ചവടത്തിന്റെ കൂടി സ്വാധീനമുണ്ട്. എന്തിന് ഓണത്തിന് ഇപ്പോൾ സദ്യപോലും വയ്‌ക്കേണ്ട ആവശ്യം വരുന്നില്ല. സദ്യപോലും പാക്കറ്റുകളിൽ ലഭിക്കും 'Ready To Eat' എന്ന തലക്കെട്ടോടുകൂടി.
Conclusion
നമ്മുടെ നാടിനെയും, സംകാരത്തെയും സ്നേഹിക്കുന്നവർക്ക് ഒരുപക്ഷേ ഇതെല്ലാം നന്നായി മനസ്സിലാവും. ഒരുപക്ഷേ കാലം കഴിയുന്തോറും ഓണം എന്നത് വെറും മുത്തശ്ശിക്കഥ ആയിതീരുമെന്നതിൽ സംശയം വേണ്ട. മനുഷ്യനെ തന്നെ മാറ്റിമറിച്ച സാങ്കേതികവിദ്യകൾ വന്നതോടുകൂടി നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ തനിമയാണ് എന്നത് ചുരുക്കം.