കാലത്തിന്റെ തിരശ്ശീലകൾക്കപ്പുറം, പുരാതന ഇതിഹാസഭൂമിയിൽ, ദേവി ദേവന്മാരുടെ അനുഗ്രഹത്താൽ ജ്വലിച്ച ദിവ്യാസ്ത്രങ്ങളുണ്ടായിരുന്നു. അത് കേവലം അമ്പുകളായിരുന്നില്ല, മറിച്ച് പ്രകൃതി ശക്തികളെ സംയോജിപ്പിച്ച് തങ്ങളുടെ ഇച്ഛാശക്തിക്കനുസരിച്ച് ചലിപ്പിച്ച ആകാശത്തിലൂടെ പാഞ്ഞടുക്കുന്ന ആയുധങ്ങളായിരുന്നു. എന്നാൽ ഇന്നത് ലോഹച്ചിറകുകളേന്തി, തീജ്വാലങ്ങൾ തുപ്പി കൃത്യതയുടേയും വേഗതതയുടെയും പുതിയ അധ്യായങ്ങൾ തുറന്ന് ആകാശത്തിലൂടെ കുതിക്കുന്ന മിസൈലുകളാണ്. ആധുനിക യുദ്ധതന്ത്രത്തിൽ മനുഷ്യന്റെ ഭാവനയും, സാങ്കേതിക മികവും ഒരുമിച്ച് ചേർത്ത് രൂപപ്പെടുത്തിയ ഒരു നിശബ്ദ്ധപോരാളികൾ. ലക്ഷ്യസ്ഥാനത്തേക്ക് ഒരു പ്രഹരശേഷിയുള്ള പേലോഡ് കൃത്യതയോടെ എത്തിക്കാൻ രൂപകൽപ്പന ചെയ്ത, സ്വയം നിയന്ത്രിത ആയുധങ്ങളാണ് അവ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സൈനിക ശക്തിയുടെ സങ്കീർണ്ണമായ ഘടനയിൽ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു. മിസൈലുകളേ അവയുടെ പ്രവർത്തനരീതി, പറക്കൽ പാത, വേഗത, ദൂരപരിധി എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. അതിൽ പ്രധാനികളായ ബാലിസ്റ്റിക് മിസൈലുകളെയും ക്രൂയിസ് മിസൈലുകളെയും പറ്റി നാം ഈ അടുത്തിടെയായി ഒരുപാട് കേൾക്കുന്നുണ്ട് എന്നാൽ, ഈ രണ്ട് തരം മിസൈലുകളും തമ്മിൽ എന്താണ് വ്യത്യാസം? എന്താണ് ഇവയുടെ പ്രവർത്തനരീതി, സവിശേഷതകൾ, ഉപയോഗങ്ങൾ? ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെക്കുറിച്ചുള്ള സമഗ്രമായ ഒരു വിശദീകരണവും അവ തമ്മിലുള്ള വ്യത്യാസങ്ങളുമാണ് ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നത്.
സാധാരണയായി മിസൈൽ സംവിധാനങ്ങൾക്ക് പ്രധാനമായും അഞ്ച് ഘടകങ്ങളാണുള്ളത്: ലക്ഷ്യനിർണ്ണയം (targeting), മാർഗനിർദ്ദേശ സംവിധാനം (Guidance System), ഫ്ലൈറ്റ് സിസ്റ്റം, എഞ്ചിൻ, വാർഹെഡ് എന്നിവയാണവ. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് പ്രവർത്തിച്ചാണ് മിസൈലിനെ അതിന്റെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. ഈ സംവിധാനങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ്, അവയുടെ തന്ത്രപരമായ പ്രാധാന്യം മനസ്സിലാക്കാൻ അത്യാവശ്യം തന്നെയാണ്.
ബാലിസ്റ്റിക് മിസൈലുകൾ (ballistic Missiles)
ഈ മിസൈലുകൾക്ക് അവയുടെ പേര് ലഭിച്ചത് തന്നെ ഈയൊരു ആശയത്തിൽ നിന്ന് തന്നെയാണ്. മിസൈലുകളുടെ കാര്യത്തിൽ അവ റോക്കറ്റ് എഞ്ചിനുകളുടെ സഹായത്തോടെയാണ് ഒരു നിശ്ചിത ഉയരത്തിലേക്ക് കുതിച്ചുയരുന്നത്. ബൂസ്റ്റ് ഘട്ടത്തിൽ മാത്രമാണ് എഞ്ചിനുകൾ പ്രവർത്തിക്കുന്നത്. ഇന്ധനം തീർന്നുകഴിഞ്ഞാൽ, മിസൈൽ ഒരു ആർക്ക് രൂപത്തിലുള്ള പാതയിലൂടെ (Trajectory), യാതൊരു നിയന്ത്രണവുമില്ലാതെ, ഗുരുത്വാകർഷണബലത്തിന് വിധേയമായി ലക്ഷ്യസ്ഥാനത്തേക്ക് പതിക്കുന്നു. ഇതിനർത്ഥം, മിസൈൽ വിക്ഷേപിച്ചുകഴിഞ്ഞാൽ അതിന്റെ പാത മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും സ്ഥിരവുമാണ്. ഈ സ്വഭാവം കാരണമാണ് ഇത്തരം മിസൈലുകളെ "ബാലിസ്റ്റിക് മിസൈലുകൾ" എന്ന് വിളിക്കുന്നത് തന്നെ. പറക്കലിനിടെ ലക്ഷ്യം മാറ്റാനോ അല്ലെങ്കിൽ ദിശ ക്രമീകരിക്കാനോ ഇതിന് സാധിക്കില്ല. ഈ സവിശേഷത അവയെ പ്രധാനമായും സ്ഥിരമായ ലക്ഷ്യങ്ങൾ (ഉദാ: നഗരങ്ങൾ, സൈനിക താവളങ്ങൾ എന്നിവ) തകർക്കാൻ അനുയോജ്യമാക്കുന്നു. എന്നിരുന്നാലും, ലക്ഷ്യത്തിന്റെ ചലനം അല്ലെങ്കിൽ അവസാന നിമിഷത്തിലെ മാറ്റങ്ങൾ എന്നിവയോട് പ്രതികരിക്കാനുള്ള കഴിവില്ലായ്മ ഒരു പ്രധാന പരിമിതിതന്നെയാണ്. ഇവയ്ക്ക് സാധാരണയായി വാർഹെഡുകളോ ആണവായുധങ്ങളോ വരെ വഹിക്കാൻ കഴിയും.
പ്രവർത്തനരീതിയും പറക്കലിന്റെ ഘട്ടങ്ങളും:
ബാലിസ്റ്റിക് മിസൈലുകൾ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്, ഓരോ ഘട്ടങ്ങൾക്കും അതിന്റേതായ പ്രാധാന്യങ്ങൾ ഉണ്ട്. വ്യക്തമായി തന്നെ നോക്കാം.
Boost Phase:
മിസൈലിന്റെ റോക്കറ്റ് എഞ്ചിനുകൾ പ്രവർത്തിക്കുന്ന ഘട്ടമാണിത്. വിക്ഷേപണം മുതൽ റോക്കറ്റ് എഞ്ചിൻ പ്രവർത്തിക്കുന്നത് നിർത്തുന്നത് വരെ ഈ ഘട്ടം നീണ്ടുനിൽക്കുന്നു. മിസൈലിന്റെ തരം അനുസരിച്ച് ഇത് മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ നീണ്ടുനിൽക്കാം. ഭൂരിഭാഗവും അന്തരീക്ഷത്തിലാണ് ഈ ഘട്ടം നടക്കുന്നത്. മിസൈൽ പരമാവധി ത്വരണം കൈവരിക്കുകയും, അത് അതിവേഗം ഉയരങ്ങളിലേക്ക് കുതിക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തിൽ തന്നെയാണ്.
Midcourse Phase:
ഇതാണ് രണ്ടാം ഘട്ടം. റോക്കറ്റ് എഞ്ചിനുകൾ പ്രവർത്തനരഹിതമാക്കിയ ശേഷമാണ് ഈ ഘട്ടം ആരംഭിക്കുന്നത്. മിസൈൽ അതിന്റെ പാതയിലെ ഏറ്റവും ഉയർന്ന പോയിന്റിലേക്ക് ഉയർന്ന ശേഷം, തുടർന്ന് ഭൂമിയിലേക്ക് ഇറങ്ങാൻ തുടങ്ങുന്നു. ഇത് മിസൈലിന്റെ പറക്കലിന്റെ ഏറ്റവും ദൈർഘ്യമേറിയ ഘട്ടമാണ്. ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾക്ക് (ICBMs) ഇത് ഏകദേശം 20 മിനിറ്റ് വരെ നീണ്ടുനിൽക്കുമത്രേ. ഈ ഘട്ടത്തിൽ ICBM-കൾക്ക് മണിക്കൂറിൽ ഏകദേശം 24,000 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. അന്തരീക്ഷത്തിന് പുറത്ത്, ബഹിരാകാശത്തുകൂടിയാണ് ഈ ഘട്ടത്തിൽ മിസൈൽ സഞ്ചരിക്കുന്നത്.
Terminal Phase:
മൂന്നാം ഘട്ടം. മിസൈലിൽ നിന്ന് വേർപ്പെടുന്ന വാർഹെഡ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ഈ ഘട്ടം ആരംഭിക്കുകയും ലക്ഷ്യസ്ഥാനത്ത് പതിക്കുകയോ സ്ഫോടനം സംഭവിക്കുകയോ ചെയ്യുന്നതോടെ അവസാനിക്കുകയും ചെയ്യും. ഒരു മിനിറ്റിൽ താഴെ മാത്രം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ വാർഹെഡുകൾക്ക് മണിക്കൂറിൽ 3,200 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. മാത്രമല്ല ഈ ഘട്ടത്തിലെ അതിവേഗത, മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് പ്രതികരിക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ നൽകുന്നുള്ളൂ.
ബാലിസ്റ്റിക് മിസൈലുകൾക്ക് റോക്കറ്റ് എഞ്ചിനുകളാണ് ശക്തി നൽകുന്നത്എന്ന് പറഞ്ഞുകഴിഞ്ഞിരുന്നെല്ലോ. ഈ എഞ്ചിനുകൾക്ക് ഖര ഇന്ധനങ്ങളോ (solid-propellants) അല്ലെങ്കിൽ ദ്രാവക ഇന്ധനങ്ങളോ (liquid-propellants) ഉപയോഗിക്കാം. ഖര ഇന്ധനങ്ങൾ സാധാരണയായി പരിപാലിക്കാൻ എളുപ്പവും വേഗത്തിൽ വിക്ഷേപിക്കാൻ കഴിയുന്നവയുമാണ്, എന്നാൽ ദ്രാവക ഇന്ധനങ്ങൾ വലിയ മിസൈലുകൾക്ക് കൂടുതൽ ശക്തി നൽകുന്നു. മിസൈലിന്റെ ദൂരപരിധിയും വഹിക്കാൻ കഴിയുന്ന പേലോഡിന്റെ ഭാരവും നിർണ്ണയിക്കുന്നതിൽ പ്രൊപ്പൽഷൻ സംവിധാനം നിർണായക പങ്കുണ്ടത്രേ.
ആധുനിക ബാലിസ്റ്റിക് മിസൈലുകളുടെ വാർഹെഡുകളിൽ "മനുവറിംഗ് റീ-എൻട്രി വെഹിക്കിൾ" (MaRV) പോലുള്ള സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി, ടെർമിനൽ ഘട്ടത്തിൽ ചെറിയതോതിൽ ദിശ മാറ്റാനും കൃത്യത വർദ്ധിപ്പിക്കാനും വേണ്ടിയുള്ള പരീക്ഷണങ്ങളും ശ്രമങ്ങളുമൊക്കെ നടക്കുന്നുണ്ട്. ഭാവിയിൽ ഇത് ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹരശേഷി വർധിപ്പിക്കുക തന്നെ ചെയ്യും.
ബാലിസ്റ്റിക് മിസൈലുകളെ അവയുടെ പരമാവധി ദൂരപരിധിയുടെ അടിസ്ഥാനത്തിൽ പ്രധാനമായും നാലോ അഞ്ചോ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതിൽ പൊതുവായത് താഴെ പറയുന്നവയാണ്.
- Short-Range Ballistic Missiles (SRBMs): സാധാരണയായി 1,000 കിലോമീറ്ററിൽ താഴെയാണ് ഇവയുടെ ദൂരപരിധി. പ്രധാനമായും ചെറിയ ദൂരത്തിലുള്ള ശത്രുസൈനിക ക്യാമ്പുകൾ, ആർമർ, കമാൻഡ് സെന്ററുകൾ, എയർബേസ് തുടങ്ങിയവ ആക്രമിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. യുദ്ധത്തിൽ തൽക്ഷണമായി ഉപയോഗിക്കാവുന്ന ആയുധങ്ങളയാതിനാൽ "ടാക്റ്റിക്കൽ" മിസൈലുകൾ എന്നും ഇവയ്ക്ക് പേരുണ്ട്. ഉദാഹരണം: ഇന്ത്യയുടെ പ്രഥവി (Prithvi)-II, ചൈനയുടെ DF-11
- Medium-Range Ballistic Missiles (SRBMs): 1000 മുതൽ 3000 കിലോമീറ്റർ വരെ ദൂരപരിധി ഇവയെ "തിയേറ്റർ" ബാലിസ്റ്റിക് മിസൈലുകൾ എന്നും വിളിക്കുന്നു. പ്രധാനമായും ഒരു രാജ്യത്തിന്റെ സമീപ പ്രദേശങ്ങളിലുള്ളതോ അല്ലെങ്കിൽ യുദ്ധക്കളത്തിന്റെ ഒരു പ്രത്യേക ഭാഗമായോ ഉള്ള വലിയ ലക്ഷ്യങ്ങളെ തകർക്കാൻ ഇവ ഉപയോഗിക്കുന്നു. ഉദാഹരണം: ഇന്ത്യയുടെ അഗ്നി-II (Agni-II), പാകിസ്താന്റെ ഷഹീൻ-II (Shaheen-II)
- Intermediate Range Ballistic Missiles (IRBMs): 3000 മുതൽ 5500 കിലോമീറ്റർ വരെ ദൂരപരിധി. ഒരു ഭൂഖണ്ഡത്തിനുള്ളിൽ തന്നെയുള്ള വലിയ ദൂരങ്ങളിലുള്ള ലക്ഷ്യങ്ങളെ, അതായത് അയൽരാജ്യങ്ങളെയോ അല്പം ദൂരെയുള്ള മറ്റു രാജ്യങ്ങളെയോ ലക്ഷ്യമിടാൻ ഇവയ്ക്ക് സാധിക്കും. ഉദാഹരണം: ഇന്ത്യയുടെ അഗ്നി-III, റഷ്യയുടെ RSD-10 Pioneer
- Intercontinental Ballistic Missiles (ICBMs): 5500 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധി. പേര് സൂചിപ്പിക്കുംപോലെ ഇവയ്ക്ക് ഭൂഖണ്ഡങ്ങൾ താണ്ടി ലക്ഷ്യത്തിലെത്താൻ കഴിയും. ഓരോ രാജ്യങ്ങളുടേയും തന്ത്രപരമായ പ്രതിരോധത്തിന്റെ നട്ടെല്ല്തന്നെയാണ് ഇവ. ഉദാഹരണം: ഇന്ത്യയുടെ അഗ്നി-V, അമേരിക്കയുടെ മിനിറ്റ്‌മാൻ III (Minuteman-III)