അളവ് തെറ്റിയ ചൂട്, അടങ്ങാത്ത പ്രളയം: അറിയാം കാലാവസ്ഥയുടെ യാഥാർത്ഥ്യം!


ഭൂമിക്കിത് എന്തുപറ്റി? എന്തുകൊണ്ട് കാലാവസ്ഥയിൽ ഇത്രയധികം മാറ്റമുണ്ടാകുന്നു? കുറച്ചു കാലങ്ങളായി നമ്മൾ മനുഷ്യരുടെ മനസ്സിൽ കടന്നു കൂടിയിട്ടുള്ള ചില ചോദ്യങ്ങളാണ്. ഇങ്ങനെയൊരു സംശയം മനസ്സിൽ തോന്നിയതിൽ തെറ്റൊന്നുമില്ല, കാരണം കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് നാം ഓരോരുത്തരും നേരിട്ടനുഭവിക്കുന്നുണ്ട് എന്നത് വാസ്തവം. അതിശക്തമായ വേനൽ ചൂട്, അപ്രതീക്ഷിതമായ ചുഴലിക്കാറ്റ്, കൃത്യനിഷ്ടത ഇല്ലാത്ത മഴ, പ്രളയം അങ്ങനെ ഓരോന്ന്. ഒരിക്കലും ഇവയൊന്നും പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസങ്ങളായി നാം കണക്കാക്കപ്പെടരുത്, തീർച്ചയായും അങ്ങനെയൊന്നല്ല. പിന്നെന്തായിരിക്കാം? ഈ ചോദ്യത്തിന് നൽകാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരം ഒന്നേയുള്ളു - കാലാവസ്ഥ വ്യതിയാനം. ഇതൊരിക്കലും ഞാനോ നിങ്ങളോ വെറുതെ പറയുന്നതല്ല. എല്ലാത്തിനും പിന്നിൽ വ്യക്തമായ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്.

ഹരിതഗൃഹ പ്രവാഹം - The Green House Effect.

നമ്മുടെ ഭൂമിയിൽ ജീവന്റെ നിലനില്പിനാവശ്യമായ താപനില നിലനിർത്തുന്ന ഭൂമിയുടെ സ്വാഭാവിക ഒരു പ്രക്രിയയാണ് ഈ ഹരിത ഗ്രഹ പ്രവാഹം അഥവാ ഗ്രീൻ ഹൗസ് എഫക്ട്. സൂര്യനിൽനിന്നും തരംഗങ്ങളായി ഭൂമിയിലേക്ക് ഊർജ്ജം എത്തുമ്പോൾ, അതിന്റെ ഒരു ഭാഗം നമ്മുടെ അന്തരീക്ഷത്തിലെ ചില വാതകങ്ങൾ (ഹരിതഗൃഹ വാതകങ്ങൾ) ആഗിരണംചെയ്യുകയും ബഹിരാകാശത്തേക്ക് തിരികെ പോകാതെ തടഞ്ഞു നിർത്തുകയും ചെയുന്നു. കാർബൺ ഡൈ ഓക്സൈഡ് (Co2), മീഥേൻ(CH4), നൈട്രസ് ഓക്സൈഡ് (N2O), നീരാവി (H2O), മറ്റു ക്ലോറോഫ്ലൂറോകാർബണുകൾ എന്നിവയാണ് അതിൽ പ്രധാനികൾ. ഏതാണ്ടൊരു പുതപ്പുപോലെ ഇവ ഭൂമിയെ പൊതിയുകയും ചൂട് നിലനിർത്തുകയും ചെയ്യും. ഈ ഒരു പ്രതിഭാസം ഇല്ലായിരുന്നെങ്കിൽ ഭൂമിയും നെപ്ട്യൂണിനെ പോലെ തണുത്തുറഞ്ഞ ഒരു ഗ്രഹമായി മാറിയേനെ.

പക്ഷേ പ്രശ്നം തുടങ്ങുന്നത് മറ്റൊരു തരത്തിലാണ്, മുൻപ് പറഞ്ഞ ഹരിതഗൃഹ വാതകങ്ങളുടെ അളവ് അമിതമായി അന്തരീക്ഷത്തിൽ കുമിഞ്ഞു കൂടുമ്പോൾ. 18-ാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന് (Industrial Revolution) ശേഷമാണ് ഈ വർദ്ധനവ് പ്രകടമായി തുടങ്ങിയത്. പ്രധാനമായും ഇതിന് പിന്നിലെ കറുത്തകൈകൾ മനുഷ്യന്റേത് തന്നെയാണ് എന്നത് സത്യം. എങ്ങനെയൊക്കെ?

1. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം:

പെട്രോളിയം, കോൾ. പ്രകൃതി വാതകം(NaturaL gas) തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ഉയർന്ന അളവിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നു. ഗതാഗതം, വ്യാവസായികം എന്നീ മേഖലകളാണ് പ്രധാന കാരണം. ഇന്ന് ലോകത്തിലെ ഗതാഗത ഊർജ്ജത്തിന്റെ ഏകദേശം 95%-വും പെട്രോളിയം അധിഷ്ഠിത ഇന്ധനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

2. വനനശീകരണം:

ഭൂമിയുടെ ശ്വാസകോശം എന്നാണ് വനങ്ങൾ അറിയപ്പെടുന്നത്, പ്രധാനമായും ആമസോൺ മഴക്കാടുകൾ. പ്രകാശസംശ്ലേഷണത്തിലൂടെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുക എന്നതാണല്ലോ മരങ്ങളുടെ ജോലി. എന്നാൽ നഗരവത്കരണത്തിന്റേയും, മറ്റു നിർമ്മാണ പ്രവർത്തനങ്ങളുടെയും പേരിൽ വൻതോതിൽ മരങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ ഈ കാർബൺ ഡൈഓക്സൈഡ് അന്തരീക്ഷത്തിൽ കെട്ടിക്കിടക്കുകയും കാർബൺ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ ശേഷി കുറയുകയും ചെയ്യുന്നു. ഈ ഒരു പ്രവർത്തനം ആഗോളതാപനത്തിന്റെ ഏകദേശം 10-20% ന് കാരണമാകുന്നു. 1990-നും 2020-നും ഇടയിൽ ഏകദേശം 420 ദശലക്ഷം ഹെക്ടർ വനമാണ് നഷ്ടപെട്ടത്.

3. വ്യാവസായിക പ്രവർത്തനങ്ങൾ:

സിമന്റ് ഉൽപ്പാദനം (CO2), രാസവസ്തുക്കളുടെ നിർമ്മാണം, ലോഹ സംസ്കരണം, ശീതീകരണ സംവിധാനങ്ങൾ (F-gases) എന്നിവ ഹരിതഗൃഹ വാതകങ്ങൾ നല്ലരീതിയിൽ പുറത്തുവിടുന്നുണ്ട്. അതിനാൽ വ്യവസായ മേഖല ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 24% സംഭാവന ചെയ്യുന്നു.

ശാസ്ത്രീയ തെളിവുകൾ:

ആഗോളതാപനം ഒരു കെട്ടുകഥയല്ല, മറിച്ച് കൃത്യമായ ശാസ്ത്രീയ ഡാറ്റകളിലൂടെയും നിരീക്ഷണങ്ങളിലൂടെയും സ്ഥിരീകരിക്കപ്പെട്ട ഒരു യാഥാർത്ഥ്യമാണ് എന്നതിനുള്ള തെളിവുകൾ ചുവടെ കൊടുത്തിരിക്കുന്നു.

റെക്കോർഡിട്ട് താപനില: ആഗോള ശരാശരി താപനില കഴിഞ്ഞ 100 വർഷത്തിനിടെ ഏകദേശം 1.1∘C വർദ്ധിച്ചു. 2015 മുതൽ 2024 വരെയുള്ള കാലയളവാണ് രേഖപ്പെടുത്തപ്പെട്ടതിൽ വെച്ച് ഏറ്റവും ചൂടേറിയത്.

കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്: വ്യവസായ വിപ്ലവത്തിന് മുമ്പ് അന്തരീക്ഷത്തിലെ കോ൨ ഏകദേശം 280 പാർട്‌സ് പെർ മില്യൺ (ppm) ആയിരുന്നു. നിലവിൽ ഇത് 420 ppm കടന്നു മുന്നോട്ട് പോകുന്നു. ഈ വർദ്ധനവ് മനുഷ്യന്റെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഐസ് കോറുകൾ (ധ്രുവപ്രദേശങ്ങളിലെ മഞ്ഞുകട്ടകളിൽ കുടുങ്ങിക്കിടക്കുന്ന പഴയകാലത്തെ വായുവിന്റെ സാമ്പിളുകൾ) വഴിയുള്ള പഠനങ്ങൾ തെളിയിക്കുന്നു.

ഉരുകുന്ന മഞ്ഞ്‌: ആർട്ടിക്, അന്റാർട്ടിക് പ്രദേശങ്ങളിലെ മഞ്ഞുപാളികളും ലോകമെമ്പാടുമുള്ള ഹിമാനികളും അതിവേഗം ഉരുകികൊണ്ടിരിക്കുകയാണ്. ഇത് ഉപഗ്രഹ ചിത്രങ്ങളിലൂടെയും ഫീൽഡ് പഠനങ്ങളിലൂടെയും നമുക്ക് വ്യക്തമായി തന്നെ കാണാം

ഉയരുന്ന സമുദ്രനിരപ്പ്: മഞ്ഞുരുകുന്നതിനാലും ചൂടുകൂടുമ്പോൾ ജലം വികസിക്കുന്നതിനാലും ആഗോള സമുദ്രനിരപ്പ് സ്ഥിരമായി ഇന്ന് ഉയർന്നുകൊണ്ടിരിക്കുകയാണ്. NASAയുടെ ഉപഗ്രഹ പഠനങ്ങളും IPCC (Intergovernmental Panel on Climate Change) റിപ്പോർട്ടുകളും ഈ പ്രതിഭാസത്തെ സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടയിൽ ഏതാണ്ട് ൨൧-24 

സമുദ്രത്തിലെ അസിഡിറ്റി: അന്തരീക്ഷത്തിലെ അധികമായുള്ള കാർബൺ ഡൈഓക്സൈഡ് സമുദ്രജലത്തിൽ ലയിക്കുന്നത് സമുദ്രങ്ങളെ കൂടുതൽ അസിഡിക് ആകുന്നു.

കേരളം എങ്ങനെ പ്രതികരിക്കുന്നു?

ഒരു പതിറ്റാണ്ട് മുൻപ് വരെ നമുക്ക് പ്രിയപ്പെട്ടതായിരുന്നു ജൂൺ മാസത്തിലെ പെരുമഴയും, ഡിസംബറിലെ തണുപ്പും, കുംഭമാസത്തിലെ നേരിയ ചൂടും. പ്രകൃതി അതിന്റെ താളത്തിൽ നീങ്ങുമ്പോൾ, നമ്മൾ മലയാളികൾക്ക് അതൊരു സാധാരണ കാഴ്ചയായിരുന്നു. എന്നാൽ, ഇന്ന് ആ പഴയകാലം ഒരു മധുരസ്മരണ മാത്രമായി മാറിയിരിക്കുന്നു എന്നതല്ലേ സത്യം! ഇപ്പോൾ കാലാവസ്ഥ അതിന്റെ വഴികൾ തെറ്റി സഞ്ചരിക്കുകയാണ്. 2018-ലും 2019-ലും 2020-ലുമെല്ലാം നാം കണ്ട മഹാപ്രളയങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്. ഇത് കേവലം "പ്രകൃതിക്ഷോഭം" എന്നതിലുപരി ശാസ്ത്രീയമായ കാരണങ്ങളാൽ സംഭവിക്കുന്ന "കാലാവസ്ഥാ വ്യതിയാനം" എന്ന ഈ വലിയ പ്രതിഭാസത്തിന്റെ നേർചിത്രമാണ്. ഒരു ദിവസത്തെ മഴ മതി ഇന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാകാൻ. കനാലുകളും പുഴകളും പെട്ടെന്ന് നിറഞ്ഞു കവിയുന്നു. ഇത് കേവലം അമിതമായി പെയ്യുന്ന മഴയുടെ പ്രശ്നം മാത്രമല്ല. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ, വയൽ നികത്തലുകൾ, പുഴ കൈയേറ്റങ്ങൾ, വനനശീകരണം എന്നിവയെല്ലാം ഈ ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. പ്രകൃതിയെ നാം കുത്തി നോവിക്കുമ്പോഴെല്ലാം, അവസാനം അതെല്ലാം നമുക്ക് തന്നെ തിരിച്ചടിയാവുന്നു എന്നത് ഓർക്കുക..

Conclusion:

അപ്പോൾ ഈ ഒരു ചെറിയ ലേഖനത്തിലൂടെ കാലാവസ്ഥാ വ്യതിയാനം വെറുമൊരു പരിസ്ഥിതി പ്രശ്നമല്ല മറിച്ചു അത് നമ്മുടെ സാമ്പത്തികം, ആരോഗ്യം, സാമൂഹിക ഘടന എന്നിവയെല്ലാം ബാധിക്കുന്ന ഒരു സങ്കീർണ്ണമായ വെല്ലുവിളികൂടിയാണ് എന്നുള്ള കാര്യം കുറച്ചെങ്കിലും മനസ്സിലായിട്ടുണ്ടാകുമെല്ലോ അല്ലേ?. ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ മനസ്സിലാക്കുന്നത്, ശരിയായ പരിഹാരങ്ങൾ കണ്ടെത്താനും ഭാവി തലമുറകൾക്കായി നമ്മുടെ ഭൂമിയെ സംരക്ഷിക്കാനും നമ്മളെ സഹായിക്കുമെന്നത് തീർച്ചയാണ്. സൗരോർജ്ജം, കാറ്റ്, ജലവൈദ്യുതി തുടങ്ങിയ ഹരിത ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നത് കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും കൂടാതെ പൊതുഗതാഗതത്തെ ആശ്രയിക്കുക,  ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ശ്രമിക്കുക.  മാലിന്യം കുറയ്ക്കുക, പുനരുപയോഗം (Recycle), പുനർനിർമ്മാണം (Reuse) എന്നിവയ്ക്ക് പ്രാധാന്യം നൽകുക, കൂടുതൽ മരങ്ങൾ നടുകയും നിലവിലുള്ള വനങ്ങൾ സംരക്ഷിക്കുകയും ചെയ്യുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഓരോ വ്യക്തിയുടെയും ചെറിയ മാറ്റങ്ങൾ പോലും ഈ വലിയ പോരാട്ടത്തിൽ നിർണായകമായ പങ്കുവഹിക്കും. അങ്ങനെ ഒരുമിച്ച് നിന്നാൽ, ഈ വെല്ലുവിളിയെ നമുക്ക് അതിജീവിക്കാൻ കഴിയും.


The article was prepared based on the references below.





About the author

Akash Krishna
Hey I'm Akash Krishna. Managing Director of DLC Stories from 'GloomLabs' My goal is to help make your life easier and more productive by providing you with accurate and useful information. Let's work together to achieve your goals an…

إرسال تعليق