എന്ന് ലോകമെമ്പാടും ചർച്ച ചെയ്യപെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ഹോർമുസ് കടലിടുക്ക് അല്ലെങ്കിൽ The Strait of Hormuz. യഥാർത്ഥത്തിൽ എന്താണ് ഇത്? ,കേവലം എന്താണിതിന്റെ പ്രത്യേകതകൾ?, എന്തുകൊണ്ടാണ് ഇവ ഇത്രയേറെ ചർച്ചാവിഷയം ആയിക്കൊണ്ടിരിക്കുന്നത് എന്നിവയെല്ലാം ഈയൊരൊറ്റ ലേഖനത്തിലൂടെ മനസിലാക്കാം.
The Strait of Hormuz
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാതകളിൽ ഒന്നാണ് യഥാർത്ഥത്തിൽ ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയെ വാസ്തവത്തിൽ ആഗോള എണ്ണ വ്യാപാരത്തിന്റെ അച്ചുതണ്ടായാണ് കണക്കാക്കപ്പെടുന്നത്. പക്ഷേ കേവലമൊരു വാണിജ്യ പാത എന്നതിലുപരി, പശ്ചിമേഷ്യയിലെ രാഷ്ട്രീയ അസ്ഥിരതകളുടെയും സൈനിക ശക്തിപ്രകടനങ്ങളുടെയും പ്രധാന വേദിയായും ഇന്ന് പലപ്പോഴും ഇത് മാറാറുണ്ട്. ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കിൽ വടക്ക് ഭാഗത്ത് ഇറാനും തെക്ക് ഭാഗത്ത് ഒമാൻ, UAE എന്നിവയുമാണ് ഈ കടലിടുക്കിന്റെ അതിരുകൾ. ഇതിന്റെ ഏറ്റവും കുറഞ്ഞ വീതിയോ ഏകദേശം 33 കിലോമീറ്ററും. എങ്കിലും, കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ആഴമേറിയ പാതയ്ക്ക് (Shipping Lane) വെറും 3 കിലോമീറ്റർ വീതി മാത്രമേയുള്ളൂ.Global economic importance
ലോകത്ത് ഇന്ന് സമുദ്രമാർഗ്ഗം കടത്തുന്ന ക്രൂഡ് ഓയിലിന്റെ ഏകദേശം 20% മുതൽ 30% വരെ ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇറാഖ്, യു.എ.ഇ, കുവൈറ്റ് സൗദി അറേബ്യ എന്നീ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് ( Oil Tanker Ships) അന്താരാഷ്ട്ര വിപണിയിലെത്താൻ ഈ പാത വളരെയേറെ പ്രധാനമാണ് അതിലുപരി അത്യന്താപേക്ഷിതമാണ്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ദ്രാവക പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായ ഖത്തറിൽ നിന്നുമുള്ള ഭൂരിഭാഗം വാതകവും ഇതുവഴിയാണ് നീങ്ങുന്നതും. ചുരുക്കി പറഞ്ഞാൽ ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയുടെ നട്ടെല്ല് തന്നെയാണ് ഹോർമുസ് കടലിടുക്ക്. ഇനിയും നമ്മുടെ ഇന്ത്യയുടെ കാര്യം നോക്കുകയാണെങ്കിൽ, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ 80 ശതമാനവും ഈ പാത വഴിയാണ് വരുന്നത്. ഇതുകൊണ്ടാണ് ഹോർമുസ് കടലിടുക്കിനെ ലോക സമ്പദ്‌വ്യവസ്ഥയുടെ 'Chokepoint' എന്ന് വിശേഷിപ്പിക്കുന്നതിനുള്ള കാരണം.എന്തുകൊണ്ട് ഇത് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു?
ഹോർമുസ് കടലിടുക്ക് ഇപ്പോൾ ആഗോള ശ്രദ്ധാകേന്ദ്രമാകാൻ പ്രധാന കാരണം ഇറാനും, അമേരിക്ക-ഇസ്രായേൽ അക്ഷവും തമ്മിൽ നിലനിൽക്കുന്ന സൈനിക സംഘർഷമാണ്.ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഒരു രാജ്യത്തിനല്ല. വടക്ക് ഇറാനും തെക്ക് ഒമാനും ആണ് ഇതിന്റെ അതിരുകൾ പങ്കിടുന്നത്. ഈ രണ്ട് രാജ്യങ്ങളുടെ അതിർത്തിക്കടലിലൂടെയാണ് കപ്പൽ പാത കടന്നുപോകുന്നതെങ്കിലും, ലോകരാജ്യങ്ങൾക്ക് ഇതിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള അവകാശമുണ്ട് (Transit Passage). അതായത് അന്താരാഷ്ട്ര നിയമങ്ങൾ (UNCLOS) അനുസരിച്ച്, ഹോർമുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയാണ്. നിയമപരമായി ഈ പാത അടച്ചുപൂട്ടാൻ ഇറാന് അധികാരമില്ല. എന്നാൽ, ഇറാൻ ഈ കരാറിൽ (UNCLOS) പൂർണ്ണമായി ഒപ്പുവെച്ചിട്ടില്ലാത്തതിനാൽ, തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കപ്പലുകളെ തടയാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് അവരുടെ വാദം. ഹോർമുസിലെ ഒരില അനങ്ങിയാൽ പോലും ആഗോള എണ്ണവില കുതിച്ചുയരും. അതുകൊണ്ടുതന്നെ തങ്ങൾക്കെതിരെ സാമ്പത്തികമായോ സൈനികമായോ വലിയ സമ്മർദ്ദമുണ്ടാകുമ്പോൾ ഇറാൻ പ്രയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് "ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടും" എന്ന ഭീഷണി. തങ്ങളുടെ ഭരണകൂടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള പൂർണ്ണമായ ഒരു യുദ്ധം ഉണ്ടായാൽ, "അവസാനത്തെ ആയുധം" എന്ന നിലയിൽ ഹോർമുസ് പൂർണ്ണമായും സ്തംഭിപ്പിക്കാൻ ഇറാൻ മടിക്കില്ല. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയില്ലെങ്കിൽ, മേഖലയിലെ മറ്റ് രാജ്യങ്ങളെയും (പ്രത്യേകിച്ച് യുഎസ് അനുകൂല രാജ്യങ്ങളെ) വിൽക്കാൻ അനുവദിക്കില്ല എന്ന നിലപാടാണത്.
നിലവിലെ അവസ്ഥ: ഹോർമുസ് കടലിടുക്ക് അടച്ചിട്ടുണ്ടോ?
ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ (മാർച്ച് 22, 2026) പ്രകാരം, ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. ഇറാൻ ഔദ്യോഗികമായി ഈ പാത പൂർണ്ണമായും അടച്ചിട്ടില്ലെന്ന് അവകാശപ്പെടുമ്പോഴും, തങ്ങളുടെ ശത്രു രാജ്യങ്ങളുമായി (പ്രത്യേകിച്ച് അമേരിക്ക, ഇസ്രായേൽ) ബന്ധമുള്ള കപ്പലുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് കപ്പലുകൾക്ക് ഇറാൻ സൈന്യത്തിന്റെ അനുമതിയോടെ മാത്രമേ കടന്നുപോകാൻ സാധിക്കൂ.ഇതിനൊക്കെ മറുപടിയായി അമേരിക്കയോ. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ സംഘർഷം മൂലം ഇൻഷുറൻസ് നിരക്കുകൾ വർദ്ധിച്ചതും സുരക്ഷാ ഭീഷണിയും കാരണം വാണിജ്യ കപ്പലുകളുടെ എണ്ണത്തിൽ 95 ശതമാനത്തോളം കുറവ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ടത്രേ.
ഈയൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഇന്ത്യയുടെ LPG ടാങ്കറുകൾ തിരികെയെത്തിയത്?
ഹോർമുസ് കടലിടുക്കിലെ ഗതാഗതം അപകടത്തിലായതോടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളെ പുറത്തെത്തിക്കാനും പുതിയ വിതരണം ഉറപ്പാക്കാനുമായി ഇന്ത്യൻ നാവികസേന 'ഓപ്പറേഷൻ സങ്കൽപ്' (Operation Sankalp) വിപുലീകരിച്ചു. 2019-ൽ ആരംഭിച്ച ഈ ദൗത്യം 2026 മാർച്ചിൽ അതിന്റെ ഏറ്റവും വലിയ പ്രവർത്തന ഘട്ടത്തിലേക്ക് പ്രവേശിച്ചു. യുദ്ധക്കപ്പലുകൾ ഉപയോഗിച്ച് ഇന്ത്യൻ പതാക ഘടിപ്പിച്ച ടാങ്കറുകൾക്ക് സുരക്ഷാ അകമ്പടി (Escort) നൽകുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.അര ഡസനിലധികം യുദ്ധക്കപ്പലുകളും ലോജിസ്റ്റിക്സ് സപ്പോർട്ട് വെസലുകളുമാണ് ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിന് സമീപവുമായി വിന്യസിക്കപ്പെട്ടത്. കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ നാവികസേന Case by Case അടിസ്ഥാനത്തിൽ സുരക്ഷ ഉറപ്പാക്കി. IRGC (Islamic Revolutionary Guard Corps) നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിനുള്ളിലേക്ക് പ്രവേശിക്കാതെ തന്നെ, അതിന് പുറത്തുള്ള സുരക്ഷിതമല്ലാത്ത പാതകളിൽ ഇന്ത്യൻ കപ്പലുകൾക്ക് കവചമായി യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചു. മാർച്ച് 14-ന് രാത്രി ഹോർമുസ് കടലിടുക്ക് കടന്ന ശിവാലിക്, നന്ദാ ദേവി എന്നീ എൽപിജി ടാങ്കറുകൾ നാവികസേനയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.
കേവലം ഈ ദൗത്യം സൈനികം മാത്രമല്ലായിരുന്നു. കപ്പലുകളുടെ വിവരങ്ങൾ നാവികസേന നേരിട്ട് ശേഖരിക്കുകയും അവയുടെ AIS (Automatic Identification System) വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. സംഘർഷം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിനുള്ളിലെ ഇറാൻ്റെ സ്വാധീനം കണക്കിലെടുത്ത്, ഇറാനിയൻ നാവികസേനയുമായി കൃത്യമായ ആശയവിനിമയം നടത്തിയാണ് ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിതമായ പാത ഒരുക്കിയത്. 'ശിവാലിക്' ടാങ്കർ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയതോടെ ഇന്ത്യയുടെ ആഭ്യന്തര എൽപിജി വിതരണ ശൃംഖലയിൽ ഏകദേശം രണ്ട് ദിവസത്തെ അധിക കരുതൽ ശേഖരം ഉറപ്പാക്കാൻ സാധിച്ചു.
സൈനിക നീക്കങ്ങൾക്കൊപ്പം തന്നെ സമാന്തരമായി ശക്തമായ നയതന്ത്ര ചർച്ചകളാണ് ഇന്ത്യ നടത്തിയത്. യുഎസ് നിർദ്ദേശിച്ച അന്താരാഷ്ട്ര നാവിക സഖ്യത്തിൽ ചേരാൻ ഇന്ത്യ വിസമ്മതിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്. പകരം, ഇറാനുമായി നേരിട്ട് സംസാരിക്കുന്ന രീതിയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇവിടെ സ്വീകരിച്ചത്.
ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല ബന്ധം ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയൊരു തുണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി നടത്തിയ സംഭാഷണങ്ങൾ ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി. ഇറാനിയൻ അധികൃതർ നൽകിയ ഉറപ്പിനെത്തുടർന്ന് ഓരോ കപ്പലിന്റെയും സഞ്ചാരം വ്യക്തിഗതമായി നിരീക്ഷിക്കാനും അനുമതി നൽകാനും ധാരണയായി. ഇന്ത്യൻ നാവികർ മാത്രമുള്ള, ഇന്ത്യയുടെ പതാകയുള്ള കപ്പലുകൾക്ക് ഇറാൻ പ്രത്യേക പരിഗണന നൽകി. പലപ്പോഴും ഇറാനിയൻ നാവികസേന തന്നെ ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായ റൂട്ടുകളിലൂടെ നയിച്ചു എന്നത് ഈ നയതന്ത്രത്തിന്റെ വിജയമാണ് കാണിക്കുന്നത്.
ഈ നീക്കത്തിലൂടെ ഇന്ത്യക്ക് തങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ പൂർണ്ണമായും നിലച്ചുപോകാതെ സംരക്ഷിക്കാൻ കഴിഞ്ഞു. ഇറാനുമായുള്ള ഈ ബന്ധം കേവലം വിപണനത്തിനപ്പുറം തന്ത്രപരമായ ഒരു സഹകരണമായി മാറിയത് പ്രതിസന്ധി ഘട്ടത്തിലാണ്. അതേസമയം, ഇന്ത്യൻ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ കപ്പലുകളുടെ മോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും, അതൊരു വിട്ടുവീഴ്ചയല്ലെന്നും മറിച്ച് പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ നയതന്ത്രമാണെന്നും ഇന്ത്യ വ്യക്തമാക്കി.
"യുദ്ധം ആരാണ് ശരിയെന്ന് തീരുമാനിക്കുന്നില്ല, മറിച്ച് ആര് ബാക്കിയുണ്ട് എന്ന് മാത്രമേ തീരുമാനിക്കുന്നുള്ളൂ."
-ബെർട്രാൻഡ് റസ്സൽ


